Tuesday, October 2, 2007

ആകാശം നഷ്ടപ്പെട്ടവര്‍

by മുരളി വാളൂര്‍ )

രാധാകൃഷ്ണന്‍ മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറയെ വിടര്‍ന്നു നിന്നിരുന്നു. മുന്നില്‍ കാണുന്ന ഇരുമ്പഴികള്‍ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ തടയിടാതിരിക്കട്ടെ എന്ന്‌ പ്രത്യാശിച്ചു.(


"സര്‍, ദയവായി എങ്ങിനെയെങ്കിലും പത്തുദിവസത്തെ പരോളെങ്കിലും അനുവദിച്ചു തരൂ"

വര്‍ഷങ്ങളായി പരിചയമുള്ള ആ ഗംഭീര ശബ്ദം ഇപ്പോള്‍ അല്‍പം പതറിയിട്ടുണ്ടോ എന്നു സൂപ്രണ്ട്‌ രാജുവിനു തോന്നി. കുറച്ചു ദിവസങ്ങളായി മാഷ്‌ ഇടക്കിടെ ഈ പരോളിന്റെ കാര്യം തന്നെ വന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

പിജി ക്ലാസ്സില്‍ മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിക്കുമ്പോഴേ ക്ലാസ്സിലെ സ്മാര്‍ട്‌ സ്റ്റുഡന്റായ രാജുവും മാഷുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഭൗതികത്തിലെ കട്ടിയായ ശാസ്ത്രസംജ്ഞകള്‍ക്കപ്പുറം കഥകളെയും കവിതകളേയും വര്‍ത്തമാനകാല ആസുരതകളെയും കുറിച്ചുള്ള ഊഷ്മളമായ സംവാദങ്ങളിലൂടെയായിരുന്നു അവരുടെ ബന്ധം വളര്‍ന്നത്‌. മാതൃഭൂമിയില്‍ സ്ഥിരമായി എഴുതാറുള്ള മാഷിന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു.

ജയില്‍ സൂപ്രണ്ട്‌ ആണെങ്കിലും, മാഷിന്റെ സര്‍ എന്നുള്ള വിളിയില്‍ രാജു ചൂളിപ്പോയി. സര്‍ എന്നുള്ള വിളി ഒഴിവാക്കണമെന്ന്‌ പലതവണ റിക്വെസ്റ്റ്‌ ചെയ്തതാണ്‌, എന്നാലും മാഷ്‌ അങ്ങിനെയേ വിളിക്കൂ. കുറച്ചു നാളുകളായി മാഷ്‌ക്ക്‌ പുറം ലോകത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌. എങ്ങിനേയും പുറത്തു പോകണമെന്നും മകളുമായി കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ഇടക്കിടെ പറയും. ഒരിക്കല്‍ പോലും ശാന്തി ഇവിടെ വന്നിട്ടില്ല മാഷെ കാണാന്‍, എന്നിട്ടും മാഷിനുറപ്പായിരുന്നു, അവള്‍ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടാവുമെന്ന്‌. മാഷെപ്പോലെത്തന്നെ അവളും കഥകളെഴുതിയിരുന്നു. തനിക്കുവായിക്കാനായി കൊണ്ടുവരുന്ന മാതൃഭൂമി താന്‍ മാഷിനും കൊടുക്കാറുണ്ട്‌. ശാന്തിയുടെ എല്ലാ കഥകളും മാഷ്‌ പല ആവര്‍ത്തി വായിക്കാറുണ്ട്‌. പുറംലോകത്തെക്കുറിച്ചുള്ള ഒരേയൊരു പ്രതീക്ഷയും സ്വപ്നവും മാഷിന്‌ അവള്‍ മാത്രമായിരുന്നു.

"മാഷേ, ഫോര്‍മാലിറ്റികള്‍ ഒരുപാടുണ്ട്‌, ഞാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്‌".

അത്ര സുഖായില്യ എന്റെ വാക്കുകള്‍ എന്ന്‌ പ്രസന്നമല്ലാത്ത ആ മുഖത്തുനിന്ന്‌ ഞാന്‍ വായിച്ചു. പിന്നീടും പല ദിവസങ്ങളിലും മാഷ്‌ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഒരുദിവസം പരോള്‍ പാസ്സായതായി മെമൊ വന്നു. മാഷ്‌ടെ ട്രേഡ്‌ മാര്‍ക്കായ ഹസ്തദാനമാണ്‌ അതറിയിച്ചപ്പോള്‍ എനിക്ക്‌ പ്രതിഫലം കിട്ടിയത്‌. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഏറ്റവും സന്തോഷമുള്ളപ്പോള്‍ മാത്രം നല്‍കാറുള്ളതാണ്‌ ഈ ഊഷ്മളമായ കൈനീട്ടം. അന്നു വന്ന വീക്‌ലി മേശപ്പുറത്തു കിടക്കുന്നത്‌ കണ്ടപ്പോള്‍ മാഷ്‌ അതു വേഗം എടുത്തു. ഉള്ളടക്കം വായിച്ചപ്പോള്‍ തന്നെ മാഷ്‌ടെ മുഖത്തുനിന്നും ഞാനൂഹിച്ചു ശാന്തിയുടെ ഏതോ ആര്‍ട്ടിക്കിള്‍ അതില്‍ ഉണ്ടായിരിക്കുമെന്ന്‌.

"രാജൂ, ഇത്തവണയും അവളുടെ ഒരു കഥയുണ്ട്‌ കെട്ടോ " പേരെടുത്ത്‌ വിളിച്ചപ്പോള്‍ എനിക്ക്‌ പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോയ പോലെ തോന്നി.

ഇടനാഴിയുടെ അറ്റത്ത്‌ ജനലിനടുത്തു പോയിരുന്ന്‌ മാഷ്‌ ആര്‍ത്തിയോടെ വായന തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ ചൂണ്ടുവിരലില്‍ തൂങ്ങി, തിരയടിച്ചു നനഞ്ഞ മണലില്‍ കൂടി നടക്കുന്ന ശാന്തിയുടെ നിരന്തരമായ ചോദ്യങ്ങള്‍. അവള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകെയുണ്ടായിരുന്നത്‌ താന്‍ മാത്രമായിരുന്നു. ഓരോന്നിനും തന്റെ കൃത്യമായ ഉത്തരങ്ങള്‍ അവള്‍ക്ക്‌ പൂര്‍ണ തൃപ്തിയായിരുന്നു. സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തില്‍ മാഷ്‌ടെ മുഖം കൂടുതല്‍ പ്രകാശിച്ചു

രാജുമോന്റെ മരണം

(by എന്റെ ഉപാസന )

ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റു സമയങ്ങളിളല്‍ അവന്റെ സര്‍ഗാത്മകമായ ചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചു കൊണ്ട് അവന്‍ ഒരു സാധാരണക്കാരന്‍ ആയി തുടരും.
അവരുടെ അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ആ ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ചില Media അല്ലെങ്കില്‍ ചില സാഹചര്യങ്ങള്‍ അനിവാര്യമാണ്( ഉദാഹരണമായി മഴ, സര്‍വസംഹാരിയായ കാലാതിവര്‍ത്തിയായ മഴ, എന്നെ വളരെയധികം ഉണര്‍ത്താറുണ്ട്. എന്റെ മറ്റൊരു രചനക്കായി).
ആ സാഹചര്യങ്ങള്‍ ഒക്കെ പൂര്‍ത്തീകരിക്കുമ്പോള്‍ അവനിലെ എഴുത്തുകാരന്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായി. നൈസര്‍ഗികമായ കഴിവ് ഉള്ളവരെക്കൂടി കവച്ചു വക്കുന്ന രചനകളായിരിക്കും, വൈവിധ്യമുള്ള വിഷയങ്ങളായിരിക്കും അവര്‍ അപ്പോള്‍ ആവിഷ്കരിക്കുക. ആ നിമിഷങ്ങളില്‍ അവര്‍ അത്ര Aggressive ആയിരിക്കും.

എന്റെ പ്രിയസുഹ്രുത്ത് രാ‍ജുമോന്‍ (അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ഒരു Post അടുത്ത് തന്നെ Publish ചെയുന്നതായിരിക്കും ബ്ലോഗില്‍... " എന്നും എനിക്ക് പ്രിയങ്കരനായ രാജുമോന്" എന്ന ശീര്‍ഷകത്തോടെ) അത്തരത്തിലുള്ള ഒരു വ്യക്തിയാണെന്ന് കരുതാന്‍ എനിക്ക് ന്യായമായും കാരണങ്ങള്‍ ഉണ്ട്. ചിലര്‍ക്ക് വിയോജിപ്പ് തോന്നാം. പക്ഷെ അവനെ ശരിക്ക് അറിയാവുന്ന എനിക്ക് അങ്ങിനെ തോന്നുന്നു. താഴെയുള്ള വാക്യങ്ങള്‍ (കവിത എന്നൊന്നും ഞാന്‍ പറയുന്നില്ല... അത് കടന്ന കൈപ്രയോഗം ആയിപ്പോകുമെന്ന് ഞാന്‍ കരുതുന്നു) അവന്‍ എഴുതിയതാണ് ഒരു പ്രത്യേകസാഹചര്യത്തില്‍. ആ സാഹചര്യം അവന്റെ സര്‍ഗാത്മക സിദ്ധിയെ ഉണര്‍ത്തിയിരിക്കാം. എനിക്ക് ഇഷ്ടപ്പെട്ട ആ കുറച്ച് വരികള്‍ ഞാന്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കു വക്കുന്നു…
വായിക്കൂ... "രാജുമോന്റെ മരണം"

ശില

ശില (by മാണിക്യം )
പടിവാതില്‍ കൊട്ടിയടച്ചവനന്നാ
ദിവസത്തിന്റെ നിരര്‍ത്ഥതയോതി,
മുഖമൊട്ടുതിരിക്കാതെ മുന്നൊട്ട്!!
സ്വപ്നങ്ങള്‍ക്കായവള്‍‍ ചാലിച്ചനിറക്കൂട്ടും
തട്ടിയെറിഞ്ഞവനോടീ‍ മുന്നോട്ട്!!
തികട്ടിവന്നയേങ്ങലവള്‍ കടിച്ചിറക്കി,
മിഴിനീര്‍‌തുളുമ്പാതെ കണ്ണിലണകെട്ടി.
വഴിക്കണ്ണുമായവള്‍ വേലിക്കല്‍നില്‍കവേ,
“ദാ,എത്തി”യെന്നേതോ കാറ്റിന്റെ മര്‍മ്മരം!
പണ്ടെന്നുമവനെക്കാക്കും മാഞ്ചോട്ടി-
ലുരുകുന്ന നെഞ്ചിനെ മരത്തോടൊട്ടി-
ച്ചവനെയൊരുനോക്കുകാണുവാ-
നൊരുവാക്കുമിണ്ടുവാന്‍ മോഹിച്ച്,
പാതിമറഞ്ഞവള്‍ നില്‍ക്കവേ...
അവന്‍ വീണ്ടും കടന്നുപോയ് വേഗം!
ദുഃഖങ്ങളുള്ളിലൊരു നിശ്വാസമാകവേ
കേട്ടൂ പിന്നില്‍നിന്നവന്റെ മൃദുജല്പനം,
“എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ലാ!”
ഒന്നു ഞെട്ടിയൊ? ശ്വാസം നിലച്ചുവോ?!
പിന്നെയാ‍ നില്‍പ്പിലവളഹല്യയായ്,
ശിലയായ് , ദേവന്റെവരവും കാത്താ
പാദസ്പര്‍ശനത്തിനായ് കാതോര്‍ത്ത് ..!!

Posted by മാണിക്യം at 5:55 PM

കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം

കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം (by ശിശു )

വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
യറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.

ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.

മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.

തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ്‌ കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.

ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ്‌ നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.

വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്‌
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാരമ,തിലിന്നു രാജാവായ്‌ വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?

ഉദയനാണു താരം

ഉദയനാണു താരം (by കരീം മാഷ്‌ )


ഇതു ഉദയനാണു താരം എന്ന സിനിമ റിലീസായപ്പോള്‍ ഞാന്‍ ആ പടത്തിന്റെ തിരക്കഥാകൃത്തും,നടനുമായ ശ്രീനിവാസന്നു എഴുതിയ തുറന്ന കത്ത്‌ .

(തുറന്ന കത്തെന്നു മനപ്പൂര്‍വ്വം എഴുതുന്നു). കാരണം സ്റ്റാമ്പ്‌ ഒട്ടിച്ചു പോസ്‌റ്റ്‌ ചെയ്‌തപ്പോളാണ്‌ കവര്‍ ഒട്ടിച്ചിട്ടില്ലന്ന്‌ ഓര്‍മ്മ വന്നത്‌.

യു.എ.യിലെ നിയമ പ്രകാരം പോസ്‌റ്റ്‌ ബോക്‌സ്‌ തുറക്കുമ്പോള്‍ അതിലേക്കു അന്യരൊരുത്തന്‍ തുറിച്ചു നോക്കുന്നതും,ടെല്ലര്‍ മെഷീനിലും, പേയ്‌മെന്റ്‌ കൗന്‍ഡറിലും അന്യന്റെ ഡാറ്റയിലേക്കു പാളി നോക്കുന്നതും മാന്യതയല്ല.

പരാതിപ്പെട്ടാല്‍ ശിക്ഷ കിട്ടും.

അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാല്‍ ഉറപ്പിക്കാം അവന്‍ ഇന്ത്യക്കാരന്‍ തന്നെ.

തുറിച്ചു നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ മലയാളിയായിരിക്കും.

ചുരുക്കത്തില്‍ തുറന്ന കത്തിലെ ഉള്ളടക്കം കിട്ടാഞ്ഞിട്ടോ മറ്റോ ശ്രീനിവാസന്‍ മറുപടി അയച്ചില്ല.

ആ കത്ത്‌ ഞാന്‍ നിങ്ങളുടെ വായനക്കായി ഇവിടെ ഇടുന്നു.


സ്നേഹത്തോടെ ശ്രീനിവാസന്‌,

സുഖമെന്നു കരുതുന്നു

അതിന്നായി ആശംസിക്കുന്നു.

താങ്കളുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണാറും ആസ്വദിക്കാറും ഉണ്ട്‌. വളരെ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന ഉദയനാണു താരം എന്ന ചിത്രവും കണ്ടു. അപ്പോള്‍ ഒരു അഭിപ്രായക്കുറിപ്പെഴുതണമെന്നു തോന്നി.പടം നന്നായാട്ടുണ്ട്‌.എങ്കിലും കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കില്‍ അത്യുഗ്രമായേനെ......താങ്കള്‍ ചെയ്ത രാജപ്പന്‍ എന്ന കഥാപാത്രം താങ്കള്‍ക്ക്‌ ഒരിക്കലും യോജിക്കാത്ത വേഷമാണ്‌.അതു ചെയ്യാന്‍ സൗന്ദര്യവും ആകാരഭംഗിയും ഉള്ള ഒരു താരത്തെയായിരു കാസ്റ്റ്‌ ചെയ്യേണ്ടിയിരുന്നത്‌. താങ്കള്‍ ഈ വേഷം ചെയ്തതു കാരണം കഥയുടെ വിശ്വാസ്യതയും സൗന്ദര്യവും ചോര്‍ന്നു പോയി. വില്ലത്തരത്തിന്ന്‌ ഒരു കോമാളിപരിവേഷം വന്നു. വില്ലനോടു ദേഷ്യം തോന്നേണ്ടതിന്നു പകരം അവജ്ഞ്ഞ്ഞയും അനുകമ്പയും സമ്മിശ്രമായി. പ്രേക്ഷകര്‍ വല്ലാത്തൊരാശയക്കുഴപ്പത്തിലായി. ഒരൊറ്റ ചിത്രത്തോടെ സരോജ്കുമാര്‍ സൂപ്പര്‍സ്റ്റാറായി എന്ന വിഢിത്തം വിഴുങ്ങാന്‍ മാത്രം പൊട്ടന്‍മാരല്ല കേരളിലെ പ്രേക്ഷകരെന്നു താങ്കള്‍ക്കു ശരിക്കുമറിയാമായിരുന്നിട്ടും തിരക്കഥ എന്തേ ഈ വിധമാക്കിയത്‌.?താങ്കള്‍ക്ക്‌ അഭിനയിച്ചേ അടങ്ങൂ എന്നുണ്ടായിരുന്നങ്കില്‍ സലീം കുമാര്‍ ചെയ്ത വേഷം ഇത്തിരി കൂടി വിശാലമായി എഴുതി അതു ചെയ്യാമായിരുന്നു.അച്ചാറു വില്‍പ്പന, ദോശ മാധവന്‍ തുടങ്ങിയ പച്ചയായ പ്രയോഗങ്ങള്‍ അതിരു കവിഞ്ഞില്ലേ?. തിരക്കഥാ മോഷണത്തെ കുറിച്ചു പ്രതിപാദിച്ചിടത്ത്‌ ഇത്തരം പച്ചപ്രയോഗങ്ങള്‍ നാടോടിക്കാറ്റു വീശുന്ന പോലെയെങ്കിലും കണ്ടതും ഇല്ല.(നാടോടിക്കാറ്റിന്റെ ത്രെഡ്‌ മറ്റാരുറ്റേതോ ആണ്‌ എന്നു ഗോസിപ്പിലുണ്ടായിരുന്നു)


തിരക്കഥ വായിച്ചിട്ടും ഈ പടത്തില്‍ അഭിനയിക്കാന്‍ മനസുകാട്ടിയ മോഹന്‍ലാലിന്റെ മഹത്വത്തിന്‌ മികവു കൂട്ടി ഈ ചിത്രം.

ക്ലൈമാക്സ്‌ ഒന്നാം തരം തന്നെ.( ഇതൊരു വിദേശിയാണെന്നും ഗോസിപ്പുണ്ടായിരുന്നു) തിരക്കഥ താങ്കളുടേതായതിനാല്‍ വില്ലന്റെ റോള്‍ താങ്കള്‍ തന്നെ നിര്‍വ്വഹിച്ചതിനാലും കഥാവസാനം ശ്രീനിയെന്ന നടനെ വെള്ളപൂശേണ്ട വിധേയത്വം ശ്രീനിയെന്ന തിരക്കഥാകൃത്തിനുണ്ടായി. പക്ഷെ ഞങ്ങളില്‍ പലരും കൊതിച്ചത്‌ രാജപ്പന്‍ അനര്‍ഹമായ രീതിയിലൂടെ പ്രേക്ഷകരില്‍ നിന്നും കരസ്ഥമാക്കിയ സൂപ്പര്‍സ്റ്റാര്‍ പദവി അതേ പ്രേക്ഷകര്‍ തന്നെ തിരിച്ചെടുക്കണമെന്നായിരുവെന്നാണ്‌. പ്രേക്ഷകരാവേണ്ടിയിരുന്നു ഉദയനാണു താരം എന്ന്‌ വിധിയെഴുതെണ്ടിയിരുന്നത്‌വ്യാജ സീഡി കാണില്ലന്ന വാശിയില്‍ ഒരുമാസം പിടിച്ചു നിന്നു. തൊട്ടടുത്ത തീയ്യേറ്ററില്‍ ദിവസവും ഫോണ്‍ ചെയ്തു ചോദിക്കും. ഉദയനാണു താരം എത്തിയില്ലന്നു കേള്‍ക്കുമ്പോള്‍ നിരാശനാവും. ടി.വി.യിലെ പരസ്യവും പത്രമാസികകളിലെ റിവ്യൂകളും കണ്ടപ്പോള്‍ പിന്നെ കാത്തുനില്‍ക്കാന്‍ ക്ഷമയുണ്ടായില്ല. വ്യാജന്‍ വാതിലിനു മുമ്പില്‍ തന്നെ നില്‍പ്പുണ്ടെപ്പോഴും. പരസ്യത്തിന്റെയും റിലീസ്‌ ഫ്രഷ്ണസിന്റെയും പരിമളം നഷ്ടപ്പെടുന്നതിന്ന്‌ മുമ്പ്‌ കൂടുതല്‍ പ്രിന്റുകള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ ഒന്നിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പരസ്യം കൊണ്ടും മീഡിയാ കവറേജു കൊണ്ടും വിപരീത ഫലമാണുണ്ടാവുക ഇതൊരു ശരാശരി പ്രേക്ഷകന്റെ സത്യസന്ധമായ വീക്ഷണമാണ്‌. വേദനിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ മാപ്പുതരിക.

സസ്നേഹം.

അബ്ദുല്‍ കരീം. തോണിക്കടവത്ത്‌.

മകള്‍ക്ക്‌

മകള്‍ക്ക്‌ (by രാജേഷ് ആര്‍. വര്‍മ്മ )

മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ അരപ്പേജില്‍ കവിയാത്ത ഒരു ലേഖനത്തില്‍ വലുതായൊന്നും കൂട്ടിച്ചേര്‍ക്കാതെ അതിനെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമയാക്കാമെന്നു തെളിയിച്ചിരിക്കുകയാണ്‌ ജയരാജ്‌-മാടമ്പ്‌ കുഞ്ഞുകുട്ടന്‍ ടീം. പത്തു പേജില്‍ കവിയാന്‍ സാധ്യതയില്ലാത്ത തിരക്കഥയില്‍ കറുപ്പും വെളുപ്പും മാത്രം നിറങ്ങളുള്ള കഥാപാത്രങ്ങളെ കുടിയിരുത്തി മുന്നേറുകയാണ്‌ ഇവര്‍.

ഭ്രാന്താലയത്തിലെ അന്തേവാസികളിലൂടെ പുറം ലോകത്തിന്റെ സ്വഭാവം ധ്വനിപ്പിക്കാനുള്ള ശ്രമം അപൂര്‍വം ചില നിമിഷങ്ങളില്‍ സഫലമാകുന്നില്ലെന്നു പറഞ്ഞുകൂടാ.

നീണ്ട ഇടനാഴിയുടെ ഒരു വശത്തെ അഴികള്‍ക്കിടയിലൂടെ നീളുന്ന കൈകളുടെ നിരകള്‍, എത്ര കുളിച്ചിട്ടും മതിയാവാത്ത അമ്പലവാസിയായ മാനസികരോഗി, എത്ര കൈകഴുകിയിട്ടും മതിയാവാത്ത മറ്റൊരാള്‍ എന്നിങ്ങനെ ചുരുങ്ങിയ ഘടകങ്ങള്‍ പലതവണ ആവര്‍ത്തിച്ചാണ്‌ ചിത്രം ഇപ്പോഴുള്ള നീളമെങ്കിലും കൈവരിക്കുന്നത്‌. എന്നാല്‍, ഈ ആവര്‍ത്തനം എന്തെങ്കിലുമൊരു ആന്തരികതാളത്തിന്റെ പ്രകടനമാണോ അതോ 'അവിഘ്നമസ്തു' തുടങ്ങിയ തന്റെ ദുര്‍ബലമായ രചനകളിലെന്നപോലെ ആവര്‍ത്തനത്തിലൂടെ ഒരര്‍ത്ഥം ഉരുത്തിരിഞ്ഞേക്കും എന്ന പ്രത്യാശയോടെ മാടമ്പ്‌ വെറുതെ ആവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുകയാണോ എന്നു കാഴ്ചക്കാര്‍ക്കു സംശയമുണ്ടായേക്കാം.

നല്ല ഛായാഗ്രഹണവും നല്ല കലാസംവിധാനവും നല്ല പശ്ചാത്തലസംഗീതവുമുണ്ടായിട്ടും മറ്റേറെയൊന്നുമില്ലാത്ത ഈ ചിത്രം ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ പോലും ഒരു മ്യൂസിക്‌ വീഡിയോയെക്കാള്‍ ഏറെ ദൂരമൊന്നും പോകുന്നില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട്‌ അസ്ഥാനത്തു പാടിച്ച ഒരു കവിതയുടെയും ഗസലിന്റെ ഈണത്തില്‍ പാടിയ ഒരു കുട്ടിപ്പാട്ടിന്റെയും വിഷമം കുറച്ചെങ്കിലും തീര്‍ന്നത്‌ ജാസി ഗിഫ്റ്റുപാടിയ ഒരു പാട്ടിലാണ്‌.

ഇടവഴി

ഇടവഴി (by ഇടങ്ങള്‍idangal )
ഒരേ കാലുകളെ
ഒരുപാട് കാലം സഹിച്ച്
മടുത്തു മടുത്ത്
പെട്ടെന്നൊരു ദിവസം
പെരുമഴയോടൊപ്പം
ഇറങ്ങിയൊലിച്ച് പോയതാവണം
പാവം ഇടവഴി;

അല്ലാതെ,
ആരോ പറഞ്ഞ പോലെ
ഇരുട്ട് കാട്ടി പ്രലോഭിപ്പിച്ച്
ഒരു പാവം കുട്ടിയെ
ഒലിപ്പിച്ച് കൊണ്ടു‌പോകാനൊന്നുമാവില്ല
ഒരിക്കലുമതിന്.

അല്ലെങ്കില്‍ തന്നെ
സ്വയം പൊട്ടിത്തെറിക്കാതെ
ചവിട്ടുകളുടെ ആവര്‍‌ത്തനത്തെ
എത്രകാലം സഹിക്കും
വെറുമൊരിടവഴി?...

ഇടങ്ങള്‍

ഒരേ കാലുകളെ
ഒരുപാട് കാലം സഹിച്ച്
മടുത്തു മടുത്ത്
പെട്ടെന്നൊരു ദിവസം
പെരുമഴയോടൊപ്പം
ഇറങ്ങിയൊലിച്ച് പോയതാവണം
പാവം ഇടവഴി;

അല്ലാതെ,
ആരോ പറഞ്ഞ പോലെ
ഇരുട്ട് കാട്ടി പ്രലോഭിപ്പിച്ച്
ഒരു പാവം കുട്ടിയെ
ഒലിപ്പിച്ച് കൊണ്ടു‌പോകാനൊന്നുമാവില്ല
ഒരിക്കലുമതിന്.

അല്ലെങ്കില്‍ തന്നെ
സ്വയം പൊട്ടിത്തെറിക്കാതെ
ചവിട്ടുകളുടെ ആവര്‍‌ത്തനത്തെ
എത്രകാലം സഹിക്കും
വെറുമൊരിടവഴി?...

ജന്മാന്തരങ്ങള്‍

ജന്മാന്തരങ്ങള് (by അഗ്രജന്‍ )
ഇങ്ങിനെ ധൃതി വെച്ച് നടക്കേണ്ട കാര്യമൊന്നുമില്ല, പോകാനുള്ള ബസ്സ് ഇപ്പോഴും മൈലുകള്‍ ദൂരത്ത് തന്നേയാണ്. അതിരമ്പി വരുന്ന ശബ്ദം കേട്ട് തുടങ്ങിയപ്പോഴാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഗ്രാമത്തിനെ രണ്ടായി പകുത്ത് നീങ്ങുന്ന റോഡീലൂടെ വല്ലപ്പോഴുമാണ് ബസ്സെത്തുന്നത്. ‘ഇപ്പോ നായരങ്ങാട്യെത്തീണ്ടാവും...’ ബസ്സിന്‍റെ ഇരമ്പിച്ച കനം കൂടി വരും തോറും വല്ലിപ്പ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിപ്പറഞ്ഞ് കൊണ്ടിരുന്നു.

പഞ്ചായത്ത് റോഡിലൂടെ കുറച്ച് നടന്നാലേ ടാറിട്ട റോഡിലെത്തൂ. മണല്‍ നിറഞ്ഞ പഞ്ചായത്ത് റോഡില്‍ ചില താഴ്ന്ന ഭാഗങ്ങളുണ്ടായിരുന്നു. മഴക്കാലത്ത് വെള്ളം നിറഞ്ഞാല്‍ അവയെ കൂണ്ടുകളെന്ന് വിളിക്കും. ഉച്ചക്ക് ശേഷം സ്കൂളില്‍ പോകുമ്പോള്‍ മിഠായി വാങ്ങിക്കാന്‍ വല്ലിപ്പ തന്ന അഞ്ച് പൈസ വീണുപോയത് ഇങ്ങനത്തെ ഒരു കുണ്ടിലായിരുന്നു. വിവരം കേട്ട വല്ലിപ്പ വന്ന് കാളവണ്ടി കലക്കിയ വെള്ളത്തില്‍ കുറേ പരതി. ആരെങ്കിലും ചോദിച്ചാല്‍ പത്ത് പൈസേണ് പോയത് ന്ന് പറഞ്ഞാ മതിയെന്നും അല്ലെങ്കി‍ നാണക്കേടാന്നും വല്ലിപ്പ ഓര്‍മ്മിച്ചു.

ബസ്സിപ്പോഴും നാലാം കല്ലെത്തിയിട്ടില്ല. അവിടേയാണ് ബസ്സ് നിറുത്തുന്നിടം. എന്നും മീന്‍ കൊണ്ട് വരുന്ന ബീരാങ്കുട്ടിക്ക വരാത്തോണ്ടാണ് ഇന്നിപ്പോ പുഴിക്കള ചന്തയ്ക്ക് പോകേണ്ടി വരുന്നത്. ആദ്യത്തെ നോമ്പായതോണ്ടുള്ള ക്ഷീണം കാരണമാകും ഇന്ന് ബീരാങ്കുട്ടിക്ക വരാത്തതെന്ന് വല്ലിപ്പ വല്ലിമ്മാട് പറഞ്ഞത് കേട്ടു. അല്ലെങ്കില്‍ എന്നും ഉച്ചതിരിഞ്ഞാല്‍ കാവിന്‍റെ രണ്ടറ്റത്തും തൂക്കിയ കുട്ടയില്‍ നിറയെ മീനുമായി ബീരാങ്കുട്ടിക്ക എത്താറുണ്ട്.

കാവിറക്കി ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ മൂടിമാറ്റി മീന്‍ കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ വല്ലിപ്പയുമായി കുറച്ച് നേരം പഴയ കഥകള്‍ പറഞ്ഞിരിക്കും. കഥകളില്‍ മേട്ടുപ്പാളയവും കൊയമ്പത്തൂരും ഒപ്പനക്കര വീഥിയും ചിന്നക്കട വീഥിയും ഒക്കെയാണ് നിറഞ്ഞ് നിന്നിരുന്നത്. കഥ പറച്ചിലിനിടയില്‍ തന്നെ വല്ലിപ്പാടെ ജൂബ്ബ വല്ലിമ്മ എടുത്ത് കൊണ്ട് വരും.

ജൂബ്ബയുടെ കുടുക്കുകള്‍ സ്വര്‍ണ്ണം പൂശി കറുത്ത ചരടില്‍ കെട്ടിയിരുന്നു. വിശേഷ ചടങ്ങുകള്‍ക്കോ ദൂരയാത്രകള്‍ക്കോ പോകുമ്പോഴേ വല്ലിപ്പ ജൂബ്ബ ഇടാറുള്ളൂ. ജൂബ്ബാകീശയില്‍ നിന്നും ചില്ലറകള്‍ വാങ്ങി ബീരാങ്കുട്ടിക്ക ‘പൂവേയ്...’ എന്നുറക്കെ വിളിച്ച് കൊണ്ട് നീങ്ങും.

പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ വളവ് തിരിഞ്ഞ് ബസ്സ് അടുത്തെത്തി. പരുത്ത കൈത്തലങ്ങളില്‍ കുഞ്ഞുവിരലുകള്‍ മുറുകി. ബ്രും... ബ്രും... ബ്രും... ബസ്സിന്‍റെ കിതപ്പ്. എല്ലാ സീറ്റുകളിലും ആളുകളുണ്ടായിരുന്നു. കമ്പിയില്‍ ചാരി നില്‍ക്കുന്ന വല്ലിപ്പാട് ചേര്‍ന്ന് നിന്നു. വല്ലിപ്പാക്ക് ലൈഫ് ബോയ് സോപ്പിന്‍റെ മണമായിരുന്നു. ലൈഫ് ബോയ് സോപ്പിന്‍റെ പകുതി മുറിച്ച ഒരു കഷ്ണം എപ്പോഴും വീടിന്‍റെ ഉത്തരത്തില്‍ സ്ഥനം പിടിച്ചു. അന്തരീക്ഷത്തില്‍ ലൈഫ്ബോയ് മണം പരന്ന് നില്‍ക്കുമ്പോള്‍ മറപ്പുരയില്‍ നിന്നും കീറിയ ചെറിയ ചാലിലൂടെ ഇളം റോസ് നിറത്തിലുള്ള അഴുക്ക് വെള്ളം പാടകെട്ടിയെഴുകും. അതവസാനിക്കുന്നിടത്ത് പച്ചമുളകും പുത്തിരിച്ചുണ്ടയും വളര്‍ന്ന് പന്തലിച്ചിരുന്നു.

ഒരു പുഴിക്കള... വല്ലിപ്പ അരയിലെ പച്ച അരപ്പട്ടയുടെ മഞ്ഞ നിറമുള്ള അടപ്പ് തുറന്ന് കണ്ടക്ടര്‍ക്ക് കാശ് കൊടുത്തു. മഞ്ഞ നിറമുള്ള അടപ്പിന് സ്റ്റീല്‍ നിറമുള്ള ഒട്ടിക്കുന്ന കുടുക്കുണ്ട്. അരപ്പട്ടയും ചേര്‍ത്ത് വല്ലിപ്പാനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുഞ്ഞ് മനസ്സ്, ബസ്സിന്‍റെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കയ്യെത്തിപിടിക്കാന്‍ പാകത്തില്‍ വലുതാവുന്ന നാളുകള്‍ സ്വപ്നം കണ്ടു.

മീഞ്ചന്തയില്‍ ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു. പോകുന്നവര്‍ രണ്ട് കൈകളിലും ഈര്‍ക്കിലിയില്‍ കോര്‍ത്ത മത്തികള്‍ തൂക്കിപ്പിടിച്ചു. ഈര്‍ക്കിലി കൊണ്ട് ചൂലുണ്ടാക്കം, നടുവ് പൊളിച്ച് നാക്ക് വടിക്കാം, പിന്നെ മത്തി കോര്‍ത്ത് വാങ്ങാം. പക്ഷെ, ഈര്‍ക്കിലി കൊണ്ട് തല്ലാനും പറ്റും എന്നത് വല്ലിപ്പാക്ക് അറിയില്ലായിരുന്നു.

പലക കൊണ്ടുണ്ടാക്കിയ മീന്‍നെയ്യ് പിടിച്ച തട്ടില്‍ പലതരം മീനുകള്‍ നിറഞ്ഞു കിടന്നു. മീനുകള്‍ക്കെല്ലാം നല്ല തിളക്കം, തൊട്ടാല്‍ പിടയ്ക്കുമെന്ന് തോന്നിപ്പിച്ചു. ഒരുറുപ്യേക്ക് നൂറ് മത്തി. ഈര്‍ക്കിലി ചെകിളകള്‍ക്കിടയിലൂടെ കടന്നപ്പോള്‍ മീനുകള്‍ പിടഞ്ഞു! രണ്ട് ഈര്‍ക്കിലികളിലായി നൂറ് മത്തികള്‍ തൂങ്ങിക്കിടന്നു. ആടിനുള്ള ഒരു കെട്ട് പ്ലാവില ഒരു കയ്യിലും മറ്റേ കയ്യില്‍ രണ്ട് കോര്‍മ്പ മത്തിയും... പുഴിക്കളയില്‍ നിന്നും നീര്‍മാതളം പൂത്ത മണമുള്ള ഇടവഴികളിലൂടെ തിരിച്ച് നടന്നു. ഇലപിടിച്ച കൈകള്‍ കുഞ്ഞു വിരലുകളിലൊന്നിനേയും കൂട്ടിപ്പിടിച്ചു.

കാരക്കയും വെള്ളവും മീന്‍ കറിയും പത്തിരിയും ഒരുക്കി വെച്ച് ബാങ്ക് വിളിക്കായ് കാതോര്‍ത്തിരുന്നു. കറിയില്‍ കിടന്നിരുന്ന മീനുകള്‍ക്ക് അപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. അങ്ങകലെ കല്ലൂര്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നെങ്കിലും സ്വന്തം മഹല്ലിലെ ബാങ്കിന് വേണ്ടി കാത്തിരുന്നു. മുക്കിലപ്പീടികയിലെ പള്ളിയില്‍ നിന്നും ദൈവ്വം വലിയവനാണെന്ന ഓര്‍മ്മപ്പെടുത്തലോടെ ബാങ്ക് വിളി ഉയര്‍ന്നു.

‘ഇക്കാ മീന്‍ പൊരിക്കണോ കറി വെക്കണോ…’ എന്ന ചോദ്യം അയവി‌റക്കലിന് ഭംഗം വരുത്തി. നല്ലപാതിയുടെ കയ്യിലെ പ്ലാസ്റ്റിക് കവറിലിരുന്ന് വെളുത്ത് വെള്ളാമ്പിച്ച മീന്‍ കണ്ണ് തുറിപ്പിച്ച് എന്നെ നോക്കി. ഞാനും തിരിച്ച് കണ്ണുരുട്ടി കാണിച്ചു. ഒന്ന് പേടിക്കാന്‍ പോലുമാവാത്ത വിധത്തില്‍ മീന്‍ വെറുങ്ങലിച്ച് കഴിഞ്ഞിരുന്നു. പുറം ലോകത്തിന് നേരെ വാതിലുകളും ജാലകങ്ങളും കൊട്ടിയടച്ച് ടീവിയിലേക്ക് കണ്ണും നട്ട് ഞാനിരുന്നു - ബാങ്ക് വിളി കാണാനായി… പിന്നെ മോളെ

Poilkave

പൊയില്‍ക്കാവ്‌ (by Poilkave)


പൊയില്‍ക്കാവ്‌ ഇവിടെയാണ്‌ ഞാന്‍ എന്ന അവതാരം പഠിച്ചതും വളര്‍ന്നതും ഒരു കാര്യം ഞാന്‍ പറയുവാന്‍ മറന്നു ഇവിടെ പഠിക്കുന്ന സമയത്ത്‌ എല്ലാസമരത്തിനും ഞാന്‍ മുന്‍പന്തിയിലുണ്ടാവുമായിരുന്നു. എന്നെ അറിയാത്തവര്‍ നാട്ടില്‍ ചുരുക്കം...പഠിക്കുവാന്‍ മടിയാനായിരുന്നു അത്കൊണ്ടു പ്രതീക്ഷ ഒന്നിനും കൊടുത്തില്ല ഇങ്ങിനെ ജീവിക്കണം അത്രമാത്രം... കോഴിക്കോട്‌ പഠിക്കുന്ന സമയത്ത്‌ രാഷട്രീയം വീണ്ടും എന്നെ പിന്തുടരുവാന്‍ തുടങ്ങി............. കമ്യൂണിസത്തിനോടുള്ള അറപും വെറുപും കാരണം ഞാന്‍ പതുക്കെ രാഷട്രിയത്തിന്റെ ബാലപാഠം പഠിച്ചു തുടങ്ങി... രാഷട്രീയം ഒരു മുതലകണ്ണീരില്‍ വിരിഞ്ഞ ചെമ്പരത്തിപൂവാണന്ന്‌ എനിക്ക്‌ വൈകതെ മനസ്സിലായി.. ചരിത്രത്തിന്റെ നാഴികകുടം തല്ലിത്തകര്‍ത്ത്കൊണ്ടും സത്യത്തെ പച്ചയായി നക്കികൊന്നും കാലം കടന്ന്പോക്കുമ്പോള്‍ ,എനിക്ക്‌ ഭീതിയുടെ നിഴല്‍ പാടുകള്‍ സമ്മാനിച്ച നമ്മുടെ ഭരണകര്‍ത്താക്കന്‍മാര്‍ ചരിത്രത്തെ പച്ചയായി കുഴിച്ചുമൂടി. ഇന്ത്യന്‍ ജനത സത്യ ചരിത്രം അറിയതെ ഇന്നും ഇവിടെ ജീവിക്കുന്നു.... ഫ്രീടം അറ്റ്‌ മിഡ്‌നൈറ്റ്‌. എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തിനുമേല്‍ അവസാന ആണ്ണിയും അടിച്ചിറക്കി..അങ്ങനെ ഇന്ത്യന്‍ ചരിത്രത്തെ ഒരു അഭിസാരികയാക്കി കാലം മുന്നോട്ട്‌ കുതിച്ചു.. ഇന്ത്യന്‍ ജനതയോടു നീതിപുലര്‍താത്ത കമ്യൂണിസം കേരളത്തിലും ബംഗളിലും തഴച്ചുവളര്‍ന്നു ചരിത്രത്തിന്‍മേല്‍ അവര്‍ സംഹാരതാഢവമാടി. കാലത്തിന്‌ കടിഞ്ഞാണ്‍പൊട്ടി കമ്യുണിസവും ഗുണ്ടായിസവും ഒരു അച്ചുതണ്ടായി മാറി (സിങ്കൂരില്‍ നടന്നത്‌ ഓര്‍മ്മിക്കുമല്ലോ?)പ്രതികരിക്കുന്നവനെ നാസികളാക്കിയും ഫാസിസിറ്റ്കളാക്കിയും മുദ്രകുത്തി.സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചു,പാഠപുസ്തകങ്ങളില്‍ വിപ്ളവം നടമാടി സര്‍ക്കാര്‍ ഓഫിസ്സുകളില്‍ മൈക്രൊസോഫ്റ്റിനെ ഒഴിവാക്കി പകരം ലിനക്സ്‌ കയറിപറ്റി. ഇന്ത്യ ചൈന യുദ്ധത്തില്‍ പോലും ചൈനയ്ക്ക്‌ അവര്‍ ജയ്‌ വിളിച്ചു. വിനീത കോട്ടായി എന്ന പാവം സ്ത്രീയെ പട്ടിണിയിലാക്കികൊണ്ടു അവര്‍ കണ്ണൂരില്‍ വിപ്ളവമാഘോഷിച്ചു, മദനിയെയും ഗാന്ധിജിയെയും ഒരു തുലാസില്‍ അവര്‍ തൂക്കി (ഇ എം എസ്‌ നടത്തിയ പ്രസ്ഥാവന) മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയപ്പോള്‍ ഒരു പ്രകടനം പോലും നടതാത്ത കമ്യൂണിസ്റ്റ്കാര്‍ സാദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ അവര്‍ ഹര്‍ത്താല്‍ നടത്തി ഭൂലോകത്തെ ചിരിപ്പിച്ചു.. അങ്ങനെ എല്ലാതരത്തിലും അപ്പോള്‍ കാണുന്നവനെ അപ്പ എന്നുവിളികുന്ന ബേസിക്‌ തിയറിയുമായി ഇന്ത്യന്‍ ജനതയെ മാറി മാറി അവര്‍ പരിഹസിച്ചു.. ലോകത്തില്‍ ബാലറ്റ്‌ പേപ്പറിലൂടെ അധികാരത്തില്‍ വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ ഇ എം എസ്‌ മന്ത്രി സഭയാണന്നു പറഞ്ഞു ചരിത്രത്തെ വികൃതമാക്കി (ഗയാന എന്ന രാജ്യം കമ്യൂണിസ്റ്റ്കാര്‍ മറന്നു) കുളികാതെയും ഉറങ്ങതെയുമുള്ള ചുണ്ടില്‍ എപ്പേോഴു എരിയുന്ന ബീഡിയുമായി നടക്കുന്ന ഒരു പറ്റം ബുദ്ധിജീവികളെ സൃഷ്ടിച്ചും കൊന്നും ചെങ്കൊടി ഇവിടെ പാറി.... അങ്ങനെ കമ്യൂണിസ്റ്റ്കാര്‍ ചരിത്രത്തെ കശാപുനടത്തി. യഥാര്‍ത്ത ചരിത്രം നമ്മള്‍ ഇന്ത്യന്‍സ്‌ പഠിച്ചിരുന്നുവെങ്കില്‍ കമ്യൂണിസം ഇവിടെ കാണില്ലായിരുന്നു. ഇനി എനിയ്ക്ക്‌ വയ്യ ഒരുപാട്‌ എഴുതുവാനുണ്ട്‌... പക്ഷേ ഒരു കാര്യം രാണ്ടാം ലോകമഹായുദ്ധം നടന്നില്ലായിരുന്നുവെങ്കില്‍ ഇവിടെ ചരിത്ര ഇത്ര വികൃതമാവില്ലായിരുന്നു ഇന്ത്യന്‍ വിഭജനത്തിന്റെ സത്യം നമ്മള്‍ അറിയുമായിരുന്നു. ഞാന്‍ സത്യം തേടി പലയിടത്തും അലിഞ്ഞു... കുന്തം പോയാല്‍ കുടത്തിലും നോക്കണം എന്നല്ലെ പ്രമാണം അത്കൊണ്ടു ഞാന്‍ ഇന്ത്യന്‍ ചരിത്രം എവിടെയെങ്കിലും മറഞ്ഞുകിടക്കുയാണങ്കില്‍ പുറത്തുകൊണ്ടുവരണം എന്ന അണ്‍ബാലന്‍സ്‌ തിയറിയെ വിശ്വസിച്ചുകൊണ്ടു പല താളുകളിലും കോബ്‌സെര്‍ച്ച്‌ നടത്തി ഒടുവില്‍ പരാജിതനായി മടങ്ങി. എന്തുകൊണ്ടു ഇന്ത്യന്‍ ചരിത്രത്തെ കുഴിചുമൂടി? അത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയമായിരുന്നോ? അതോ പരാജയമോ?