കളിക്കൂട്ടുകാരിക്ക് സ്‌നേഹപൂര്‍വ്വം (by ശിശു )
വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
യറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.
ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.
മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.
തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ് കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.
ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ് നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.
വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.
ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.
അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ
പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാരമ,തിലിന്നു രാജാവായ് വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?
Subscribe to:
Post Comments (Atom)
No comments:
Post a Comment